കോഴിക്കോട്: ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടി. ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് കൈരളി തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 16 മുതൽ 18 വരെയാണ് ചലച്ചിത്ര മേള.
പൂർണ്ണമായും ഇന്ത്യയിലെ ലക്ഷദ്വീപിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് ഫ്ലഷ്. കടലിനെക്കുറിച്ചും കരയെക്കുറിച്ചും ഒരുപോലെ കഥകൾ പറയുന്ന ചിത്രമാണ് ഫ്ലഷ്. ഈ സിനിമയും ഒരു കണ്ടെത്തൽ ആണ്. സമുദ്രജീവികളുടെ പെരുമാറ്റം കരയിലെ മനുഷ്യരുടേതിന് സമാനമാണെന്ന കണ്ടെത്തൽ.
ഈ ചിത്രത്തിൽ, പ്രകൃതിയോട് ഉപമിച്ചാണ് സ്ത്രീകളെ ചിത്രീകരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യ ചെയ്യണം എന്ന ചിന്ത മനസ്സിൽ സൂക്ഷിക്കുന്ന പെൺകുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുൽത്താന പറയുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ ചെറിയ ചിത്രമാണിത്. മുംബൈ മോഡൽ ഡിംപിൾ പോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.