അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂർ വൈകി ഇന്നലെ രാത്രി 7.45നാണ് പറന്നുയർന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ വിവിധ എമിറേറ്റുകളിൽ നിന്ന് വിമാനത്താവളത്തിലെത്തിയ ഗർഭിണികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രാവും പകലും കാത്തുനിന്നു. വിമാനക്കമ്പനി പ്രതിനിധികൾ താമസസൗകര്യം നൽകാമെന്ന് പറഞ്ഞെങ്കിലും വിമാനത്താവളത്തിലെ സീറ്റുകളിൽ താമസിക്കേണ്ടി വന്നതായി യാത്രക്കാർ പരാതിപ്പെട്ടു. പലരും നിലത്ത് കിടക്കുകയായിരുന്നു.
എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോഞ്ചിലെത്തിയപ്പോൾ വിമാനം വൈകുമെന്ന് അറിയിച്ചിരുന്നതായി തിരുവല്ല സ്വദേശിയായ വരുൺ എന്ന യാത്രക്കാരൻ പറഞ്ഞു. രാത്രി 11.45നു പുറപ്പെടാമെന്ന് പറഞ്ഞെങ്കിലും വീണ്ടും വൈകിയതോടെ യാത്രക്കാർ ബഹളമുണ്ടാക്കി.