മുഖം മറയ്ക്കാൻ വനിതാ ടെലിവിഷൻ അവതാരകരോട് ഉത്തരവിട്ട താലിബാനെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകർ. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരുഷ മാധ്യമപ്രവർത്തകർ മുഖാവരണം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. നിരവധി പ്രമുഖ സംഘടനകളിലെ പുരുഷ അവതാരകർ, #FreeHerFace ഹാഷ്ടാഗ് ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കാമ്പയിൻ ആരംഭിച്ചു.
നിരവധി ആഗോള മാധ്യമ സ്ഥാപനങ്ങളും കാമ്പയിനിൽ പങ്കുചേർന്നു, നിരവധി പുരുഷ, വനിതാ മാധ്യമപ്രവർത്തകർ മുഖം മറച്ച് സെൽഫികൾ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പിന്തുണച്ചും താലിബാൻറെ ഉത്തരവിനെ എതിർത്തും അവർ സന്ദേശങ്ങൾ പങ്കുവെച്ചു. എല്ലാ സ്ത്രീകളും പെൺകുട്ടികളും അടിയന്തര സാഹചര്യങ്ങളിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്നും പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കണമെന്നും താലിബാൻ അധികൃതർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ടെലിവിഷൻ അവതാരകരായി ജോലി ചെയ്യുന്ന വിരലിലെണ്ണാവുന്ന സ്ത്രീകളെ മാത്രമാണ് ഉത്തരവ് ബാധിച്ചത്. എന്നാൽ ഇത് വലിയ സോഷ്യൽ മീഡിയ പ്രതികരണത്തിൻ കാരണമായി. അവരുടെ ഉത്തരവ് സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, അവരുടെ ജോലി തുടരാൻ കഴിയുമോ എന്നതിനെക്കുറിച്ചും നിരവധി ആശങ്കകൾ ഉയർത്തുന്നു.