ന്യൂഡൽഹി: അദാനി ഗ്രൂപ്പ് അടുത്ത ദശകത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ഗൗതം അദാനി. സിംഗപ്പൂരിൽ നടന്ന ഫോബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിലാണ് അദാനി ഇക്കാര്യം അറിയിച്ചത്.
100 ബില്യൺ ഡോളർ നിക്ഷേപത്തിൽ 70 ശതമാനം ഊർജ്ജ ഉൽപ്പാദനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ്. സൗരോർജ പാനലുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ ഉൽപ്പാദന ശേഷി കൂട്ടും. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കും. ഇന്ത്യയുടെ അടുത്ത മൂന്ന് പതിറ്റാണ്ടുകൾ ലോകത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും നിർണായകമായ വർഷങ്ങളായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.