അബുദാബി: അബുദാബി മദീനാ സായിദിൽ ഭിന്നശേഷിക്കാർക്കായുള്ള ആദ്യ പാർക്ക് തുറന്നു. നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പ്രവേശനം. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലോകോത്തര നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളാണ് പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
ശാരീരിക, മാനസിക, കാഴ്ച, ശ്രവണ വൈകല്യം അനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങളാണ് പാർക്കിലുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനത്തിന് ഇത് സഹായകമാകുമെന്ന് അൽദഫ്ര മുനിസിപ്പാലിറ്റി പറഞ്ഞു. പൊതു പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് പ്രത്യേക പാർക്ക് സ്ഥാപിക്കുന്നത്. ഇക്കാരണത്താൽ, ഭിന്നശേഷിക്കാർക്ക് മറ്റ് കുട്ടികളുടെ ഇടപെടലില്ലാതെ കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും.
കളിപ്പാട്ടങ്ങൾ, വ്യായാമ ഉപകരണങ്ങൾ, നടപ്പാതകൾ, കളിസ്ഥലങ്ങൾ, ഊഞ്ഞാൽ എന്നിവയെല്ലാം ഇവിടെ ഭിന്നശേഷി സൗഹൃദമാണ്. ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്ന അറിയിപ്പും നൽകിയിട്ടുണ്ട്. കളിക്കുന്നതിനും വ്യായാമത്തിനും പ്രത്യേക സ്ഥലമുണ്ട്. സിന്തറ്റിക് ഉപരിതലമായതിനാൽ, വീണാലും പരുക്കേൽക്കില്ല. ചുറ്റുമതിലും മേൽക്കൂരയും സ്ഥാപിച്ച് പൊതു സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.