കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട ഫയൽ തിരികെ നൽകിയത് ഗൗരവമുള്ള വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയലിൽ ചില സംശയങ്ങൾ ഉള്ളതിനാൽ അത് തിരിച്ചയച്ചു. സംശയങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ഫയൽ തിരിച്ചയച്ചു. മണിച്ചന്റെ മോചനത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
ജയിൽ മോചിതനാകാനുള്ള ശുപാർശയിലെ വിവേചനം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ശുപാർശ തിരിച്ചയച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള അതേ മാനദണ്ഡത്തിന്റെ ആനുകൂല്യം മറ്റ് പ്രതികൾക്കും ബാധകമാക്കിയിട്ടില്ല. മണിച്ചനെക്കാൾ ചെറിയ കുറ്റം ചെയ്തവരെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്നും ഗവർണർ ചോദിച്ചിരുന്നു.