മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണച്ചിത്രങ്ങളിലൊന്നായിരുന്നു ‘ഒരു തെക്കൻ തല്ല് കേസ്’. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രം ജി ആർ ഇന്ദുഗോപന്‍റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനും റോഷൻ മാത്യുവും തിയേറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒക്ടോബർ ആറ് മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് വഴിയായിരിക്കും സ്ട്രീമിംഗ്. എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ വളരെ രസകരമായ രീതിയിലാണ് ബിജു മേനോൻ അമ്മിണി പിള്ള എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും ഇടകലർത്തിയ മുഴുനീള എന്‍റർടെയ്നറാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു. റോഷൻ മാത്യുവിൻ്റെ പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളും ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മുകേഷ്.ആർ മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എൻ. ഏറെക്കാലത്തിന് ശേഷം പദ്മപ്രിയ മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.