ദുബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാമതെത്തി. ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് ലഭിച്ച വീഡിയോകൾ ദുബായ് ഹാഷ് ടാഗിൽ നിന്നാണ് വന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് വെളിപ്പെടുത്തുന്നു. വീഡിയോകളുടെ ആകെ വ്യൂവർഷിപ്പ് 8180 കോടിയാണ്. കഴിഞ്ഞ വർഷം ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലക്ഷ്യസ്ഥാനമായതിനാൽ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ദുബായ് കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ വർഷം 72 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്. മുൻ വർഷത്തേക്കാൾ 32 ശതമാനം വളർച്ചയാണിത്. ടൂറിസം രംഗത്തെ വിവിധ സൂചികകളിൽ ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിൽ മാത്രം 30,000 തൊഴിലവസരങ്ങൾ എമിറേറ്റിൽ തുറന്നിട്ടുണ്ട്. ജൂൺ വരെ ടൂറിസം മേഖല ശക്തിപ്രാപിച്ചതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയും ഈ വർഷം 10 ശതമാനം വർദ്ധിച്ചു.