അബുദാബി: പ്ലാസ്റ്റിക്കിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ അബുദാബി വിജയത്തിന്റെ പാതയിൽ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ പ്രതിദിനം 5 ലക്ഷത്തിൻ്റെ കുറവ് രേഖപ്പെടുത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ അബുദാബി നിരോധിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചതായി പരിസ്ഥിതി ഏജൻസി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഗോള ശരാശരിയേക്കാൾ നാലിരട്ടി കൂടുതലുണ്ടായിരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ് റെക്കോർഡ് സമയത്തിനുള്ളിൽ കുറച്ചത്.
2019 ലെ കണക്കനുസരിച്ച്, എമിറേറ്റ്സിൽ പ്രതിവർഷം 1100 കോടി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതാണ് നിരോധനത്തിലേക്ക് നയിച്ചത്. അബുദാബിക്ക് പിന്നാലെ ദുബായ്, ഷാർജ എമിറേറ്റുകളും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.