ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടിയപ്പോൾ ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വകയായിരുന്നു.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് പുറത്താകുമോ എന്നറിയാനാണു എല്ലാവരും കാത്തിരുന്നത്. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലവിലെ ചാമ്പ്യൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിപ്പോകുന്ന പതിവുണ്ട്. 2002ലെ ലോകകപ്പ് മുതലാണ് ചാമ്പ്യന്‍ശാപം തുടങ്ങിയത്. 1998ൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് അടുത്ത ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. 2006ൽ ലോകകപ്പ് നേടിയ ഇറ്റലിയും 2010ൽ ആദ്യ പാദത്തിൽ തന്നെ പുറത്തായി.
2014 ലും 2018 ലും ഇതിന് മാറ്റമുണ്ടായില്ല. 2010 ലോകകപ്പ് നേടിയ സ്പെയിൻ 2014 ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ എത്താനായില്ല. 2014 ലെ ജേതാക്കളായ ജർമ്മനിയും 2018 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ് മടങ്ങിയിരുന്നു.