അഹമ്മദാബാദ് : രാജ്യത്തെ ആദ്യത്തെ ഗിയർഡ് ഇ-ബൈക്ക് എന്ന സവിശേഷതയോടെ, അഹമ്മദാബാദ് ആസ്ഥാനമായുള്ള മാറ്റർ എനർജി ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍ എന്ന ടാഗ് ലൈനോടെ വരുന്ന മോഡലിന്റെ പേര് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, മാറ്ററിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വാഹനത്തിന്റെ ഇരുവശത്തും സ്റ്റിക്കർ 07 കാണാം. 4 സ്പീഡ് ഗിയർബോക്സും എബിഎസുമാണ് ബൈക്കിന്റെ പ്രധാന സവിശേഷതകൾ. 5.0 കിലോവാട്ട് ലിക്വിഡ്-കൂൾഡ് ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്.
മൂന്ന് വേരിയന്റുകളിൽ എത്തുന്ന ബൈക്കിന് 125-150 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 5 മണിക്കൂറിനുള്ളിൽ ബൈക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. 10.5 കിലോവാട്ട് മോട്ടോർ 520 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. ഏഴ് ഇഞ്ച് എൽസിഡി സ്ക്രീനും ബൈക്കിലുണ്ട്. 2023ന്റെ തുടക്കത്തിൽ തന്നെ മോഡലിന്റെ പേരും വിലയും മാറ്റർ പ്രഖ്യാപിക്കും. ബുക്കിംഗും ആ സമയത്ത് ആരംഭിക്കും.