ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്വെയ്സര്‍ രംഗത്തെത്തി. ശേഷിക്കുന്ന ബിയര്‍ ലോകകപ്പ് നേടുന്ന രാജ്യത്തിന് നല്‍കുമെന്ന പ്രഖ്യാപനവുമായാണ് ബഡ്വെയ്സര്‍ എത്തിയത്. ബിയര്‍ നിയന്ത്രണം പരിധി വിട്ട്പോയെന്നായിരുന്നു ബഡ്വെയ്സറിന്റെ പ്രതികരണം.
ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്പന പോയിന്റുകള്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധന കേന്ദ്രങ്ങളിലും ലൈസന്‍സുളള വേദികളിലും മാത്രമാണ് മദ്യ വില്‍പ്പന നടത്താനുളള അനുമതി ലഭിച്ചത്.
എട്ട് സ്റ്റേഡിയങ്ങളുടെ പരിസരത്ത് മാത്രമായി ഓരോ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും ഒരു മണിക്കൂറിന് ശേഷവും നോണ്‍ ആല്‍ക്കഹോള്‍ ബിയര്‍ വില്‍ക്കാനായിരുന്നു അനുമതി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ബഡ്വെയ്സറും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.
ബിയര്‍ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഇക്വഡോര്‍ ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഖത്തര്‍- ഇക്വഡോര്‍ കിക്കോഫ് മത്സരത്തില്‍ ഗാലറിയില്‍ ബിയര്‍ വേണമെന്ന ആരാധകരുടെ ചാന്റ് ആയിരുന്നു വൈറലായത്.