ഒത്തുകളി ആരോപണങ്ങൾ ഇന്ത്യൻ ഫുട്ബോളിലും ആശങ്ക ഉയർത്തുന്നു. സംഭവത്തിൽ അഞ്ച് ഐ ലീഗ് ക്ലബ്ബുകൾക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായ ഒത്തുകളി ഇടപാടുകാരൻ ഒരു സോഫ്റ്റ്വെയർ കമ്പനിയുടെ മറവിൽ ഇന്ത്യൻ ക്ലബുകളിൽ പണം നിക്ഷേപിച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽസൻ രാജ് പെരുമാൾ എന്ന ഇടപാടുകാരനെതിരെയാണ് സംശയങ്ങൾ ഉയർന്നിരിക്കുന്നത്. ഒളിമ്പിക്സ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയിൽ ഒത്തുകളി നടത്തിയതിന്റെ പേരിൽ നിരവധി രാജ്യങ്ങളിൽ ഇയാൾ ജയിലിലായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ചയാണ് സിബിഐ സംഘം ഡൽഹിയിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആസ്ഥാനത്ത് എത്തിയത്. ഈ അഞ്ച് ക്ലബ്ബുകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനാണ് സിബിഐ സംഘം എത്തിയത്. കരാറുകൾ, സ്പോൺസർഷിപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പങ്കിടാൻ ഈ അഞ്ച് ക്ലബുകൾക്കും സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.