ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ പരീക്ഷ ഇനി ന്യൂസീലന്‍ഡ് പര്യടനമാണ്. ടി20, ഏകദിന പരമ്പരകൾക്കായി ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് പറക്കും. വിരാട് കോഹ്ലി, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർക്ക് വിശ്രമം നൽകിയ പരമ്പരയിൽ ട്വന്റി 20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖര്‍ ധവാനും നയിക്കും. സഞ്ജു സാംസണെ ഏകദിന, ടി20 ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടി20 പരമ്പരയാണ് ആദ്യം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം നവംബർ 18ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ശേഷിക്കുന്ന മത്സരങ്ങൾ 20, 22 തീയതികളിൽ നടക്കും.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ സഹ ക്യാപ്റ്റൻ റിഷഭ് പന്ത് ആണ്. ടീമിലെ ഭൂരിഭാഗം കളിക്കാരും യുവതാരങ്ങളാണ്. റിഷഭ് പന്തിന് പുറമെ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായിരിക്കും. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ദീപക് ഹൂഡ എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍. നായകന് ഹാര്‍ദിക്കിന് പുറമേ വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്.