സിഡ്നി: ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് വാർണർ ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഏകദിന ലോകകപ്പും 2024 ലെ ടി 20 ലോകകപ്പും നടക്കാനിരിക്കുന്നതിനാൽ ഇത് ടെസ്റ്റുകളിലെ അവസാന 12 മാസമായിരിക്കുമെന്ന് ടോക്ക് ഷോയിൽ വാർണർ പറഞ്ഞു. ഏകദിനത്തിലും ടി20യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ വാർണർ തീരുമാനിച്ചത്.
“ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ അവസാന 12 മാസമാണിത്. ടി20 ക്രിക്കറ്റ് എനിക്ക് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ 2024ലെ ടി20 ലോകകപ്പിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ടി20 ക്രിക്കറ്റിലെ എന്റെ സമയം അവസാനിച്ചുവെന്ന് പലരും പറയുന്നു. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നമുക്ക് നോക്കാം. യുവതലമുറയ്ക്ക് അറിവ് പകർന്നുനൽകാൻ ഞാൻ ഇഷ്ടപ്പെടുന്നു. ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ കളിക്കുമ്പോൾ ജേസൺ സംഗയെപ്പോലുള്ള കളിക്കാർക്ക് ഞാൻ അറിവ് പകർന്ന് നൽകാറുണ്ടായിരുന്നു. അത് തുടരും,” വാർണർ പറഞ്ഞു.