ബെര്‍ലിന്‍: 2022 ഫിഫ ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഹാന്‍സ് ഫ്ളിക്ക്. 26 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ് ഫുട്ബോളിലെ എല്ലാ മികച്ച കളിക്കാരും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മാര്‍കോ റ്യൂസും ടിമോ വെര്‍ണറും ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.
യുവതാരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ഫോർവേഡ് ലൈനാണ് ടീമിന്റെ കരുത്ത്. ബയേൺ മ്യൂണിക്ക് താരങ്ങളായ ലിറോയ് സനെ, തോമസ് മുള്ളര്‍, ജമാല്‍ മുസിയാല, ജോഷ്വ കിമ്മിച്ച്, സെര്‍ജിയോ നബ്രി എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഡോര്‍ട്ട്മുണ്ടിന്റെ കരീം അഡയമി, ജൂലിയന്‍ ബ്രണ്ട് എന്നിവരും ടീമിലുണ്ട്. ചെൽസിയുടെ കായ് ഹവേര്‍ട്സ്, 17 കാരനായ ഡോര്‍ട്ട്മുണ്ട് താരം യുസൗഫോ മൗക്കോക്കോ എന്നിവരും ടീമിലുണ്ട്. 2017 മുതൽ ജർമ്മനിക്ക് വേണ്ടി കളിക്കാതിരുന്ന മരിയോ ഗോട്സെ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനലിൽ മരിയോ ഗോട്സെ ഗോൾ നേടിയിരുന്നു.
പ്രതിരോധത്തില്‍ ഡോര്‍ട്ട്മുണ്ടിന്റെ നിക്ലാസ് സ്യൂള്‍, നിക്കോ ഷ്ലോട്ടര്‍ബെക്ക്, റയല്‍ മഡ്രിഡിന്റെ അന്റോണിയോ റുഡിഗര്‍ എന്നിവരുണ്ട്. ഗോള്‍കീപ്പര്‍മാരായി മാനുവല്‍ ന്യൂയര്‍, മാര്‍ക് ആന്‍ഡ്രെ ടെര് സ്റ്റീഗന്, കെവിന് ട്രാപ്പ് എന്നിവരും ടീമിലിടം നേടി.