അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലത് കൈത്തണ്ടയിൽ പന്ത് തട്ടിയാണ് രോഹിത്തിന് പരിക്കേറ്റത്.
ടീമിനൊപ്പം യാത്ര ചെയ്യുന്ന ത്രോഡൗൺ സ്പെഷ്യലിസ്റ്റ് എസ്. രഘു എറിഞ്ഞുകൊടുത്ത ലെങ്ത് ബോൾ കുതിച്ചുയരുകയായിരുന്നു. പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച രോഹിത് പന്ത് കയ്യിൽ കൊണ്ടതോടെ വേദനമൂലം പുളഞ്ഞു. വേദന ശമിപ്പിക്കുന്ന മാജിക് സ്പ്രേ പ്രയോഗിച്ച ശേഷം കൈത്തണ്ടയിൽ ഐസ് പാക്ക് വച്ച് രോഹിത് അൽപ്പനേരം വിശ്രമിച്ചു. വേദന മാറിയതോടെ ബാറ്റിംഗ് പുനരാരംഭിച്ച ക്യാപ്റ്റന് പ്രശ്നങ്ങളൊന്നുമില്ലെന്നും ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.