വാഷിങ്ടൺ: ട്വിറ്ററിന് പിന്നാലെ ഫെയ്സ്ബുക് മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്.
വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ കമ്പനിയുടെ വളർച്ചയുള്ള മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റ് ജീവനക്കാരെ കുറയ്ക്കുമെന്നും മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞിരുന്നു. ഈ വർഷം മെറ്റയുടെ ഓഹരി 70 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാൻ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നിർദേശം നൽകിയതായാണ് വിവരം. ചെലവ് ചുരുക്കുമെന്നും ടീം പുനസംഘടിപ്പിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറിൽ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ, ഇൻസ്റ്റഗ്രാം വാട്സ് ആപ്പ് എന്നിവയിലും പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.