മുംബൈ: ആഭ്യന്തര വിപണി ഇന്ന് മുന്നേറി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വിപണിക്ക് ആശ്വാസം പകർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 234.79 പോയിന്റ് അഥവാ 0.39 % ഉയർന്ന് 61,185.15 ലും നിഫ്റ്റി 82.60 പോയിന്റ് അഥവാ 0.46 % ഉയർന്ന് 18,199.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1994 ഓഹരികൾ ഇന്ന് വിപണിയിൽ മുന്നേറി. 1465 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 185 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര എന്നിവ സെൻസെക്സിൽ നേട്ടമുണ്ടാക്കി. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
മേഖലകൾ നോക്കുമ്പോൾ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 4.46 % ഉയർന്നു. നിഫ്റ്റി മെറ്റൽ 1.58 ശതമാനവും നിഫ്റ്റി ഓട്ടോ 1.30 ശതമാനവും ഉയർന്നു.