മെൽബൺ: ടി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തിനിടെ, ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകനെതിരെ ശക്തമായ നടപടി. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് ആൺകുട്ടി ഗ്രൗണ്ടിലെത്തിയത്. കുട്ടി കരഞ്ഞുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റന്‍റെ മുന്നിലേക്ക് ഓടുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയെ കൊണ്ടുപോയി.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിന് രോഹിത് ശർമയുടെ ആരാധകനെതിരെ അധികൃതർ വൻതുകയാണ് പിഴ ചുമത്തിയത്. ആരാധകൻ 6.5 ലക്ഷം രൂപ പിഴയടയ്ക്കണം. സിംബാബ്‍വെയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചെങ്കിലും രോഹിത് ശർമ ഓടിയെത്തി അഭിവാദ്യം ചെയ്തു.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിംബാബ്‍വെയെ 71 റൺസിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അഡ്ലെയ്ഡിൽ രാവിലെ 10നാണ് മത്സരം. നവംബർ 9ന് നടക്കുന്ന ആദ്യ സെമിയിൽ പാകിസ്ഥാനും ന്യൂസിലാൻഡും ഏറ്റുമുട്ടും.