ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകൾക്ക് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു.
എൽജിബിടി കമ്മ്യൂണിറ്റികൾ മുതൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ വരെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ചില ലോകകപ്പ് ടീമുകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഗവേണിംഗ് ബോഡി സെക്രട്ടറി ജനറൽ ഫാത്മ സമൂറയും ലോകകപ്പ് ടീമുകൾക്ക് കത്തയച്ചത്.
രാഷ്ട്രീയ സ്വഭാവമുള്ള നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ലോകത്താണ് ഫുട്ബോളും നിലനിൽക്കുന്നത്. എന്നാൽ നിലവിലുള്ള അത്തരം പ്രശ്നങ്ങളിലേക്ക് ഫുട്ബോളിനെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു.