സ്പാനിഷ് താരം ജെറാർഡ് പിക്വെ വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അൽമെറിയക്കെതിരായ ബാഴ്സലോണയുടെ ലാ ലിഗ മത്സരത്തിന് ശേഷം പിക്വെ വിരമിക്കും. ഇത് പിക്വെ തന്നെ സ്ഥിരീകരിച്ചു.
ബാഴ്സലോണയുടെ ലാ മാസിയിലൂടെയാണ് 35 കാരനായ പിക്വെ വളർന്നത്. എന്നാൽ പിക്വെയുടെ സീനിയർ ടീം അരങ്ങേറ്റം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയായിരുന്നു. 2009ൽ ബാഴ്സലോണയിൽ തിരിച്ചെത്തിയ പിക്വെയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ 14 വർഷമായി ബാഴ്സ നിരയിലെ സ്ഥിരം സാന്നിധ്യമാണ് ഈ സെന്റർ ബാക്ക്.
എന്നിരുന്നാലും, ഈ സീസണിൽ, ബാഴ്സയിൽ പിക്വെയുടെ സാധ്യതകൾ കുറഞ്ഞു. ആദ്യ ഇലവനിൽ തന്റെ സ്ഥാനം പൂർണ്ണമായും നഷ്ടപ്പെട്ടതിനാൽ, പിക്വെയുടെ സ്ഥാനം പകരക്കാരുടെ ബെഞ്ചിലാണ് കൂടുതലും. ഈ സാഹചര്യത്തിലാണ് ബാഴ്സലോണ വിട്ട് കളിയിൽ നിന്ന് വിരമിക്കാൻ പിക്വെ ഇപ്പോൾ തീരുമാനിച്ചത്.