ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ആറ് ഞായറാഴ്ച കൊച്ചിയിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ മാർച്ചിൽ ആരംഭിച്ചിരുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.
സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ മനോജ് റാം സിംഗാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.