തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫർഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഫർഹാന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്നത്. നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി.
നെൽസൺ വെങ്കിടേശൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡ്രീം വാര്യർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ബാലചന്ദ്രമേനോൻ, ലിജോ മോൾ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണപ്രഭ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
ഡിക്സൺ പൊടുത്താസും സുരാജ് പി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇങ്ക്ലാബ് സിനിമാസിന്‍റെ ബാനറിലാണ് ‘പുലിമട’ നിർമ്മിക്കുന്നത്. രാജീവ് പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്‍റെ കലാസംവിധായകൻ. മേക്കപ്പ് റോഷൻ. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുനിൽ റഹ്മാനും സ്റ്റെഫിയുമാണ് വസ്ത്രാലങ്കാരം.