മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വർഷം 54.8 ശതമാനം വർധിച്ച് ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 8.4 ശതമാനത്തിന്റെ ഉയർച്ച വന്നിട്ടുണ്ട്. തെക്കൻ കൊറിയയിലേക്കുള്ള കയറ്റുമതി 68 ശതമാനം വർധിച്ച് 9.3 ദശലക്ഷം ബാരലായി. ഈ വർഷം ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്കാണ്. മൊത്തം കയറ്റുമതിയുടെ 77 ശതമാനവും ഇവിടേക്കാണ് കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയും 7.1 ശതമാനം വർധിച്ചു.
ഈ വർഷം ആദ്യ എട്ട് മാസത്തിനുള്ളിൽ 167.5 ദശലക്ഷം ബാരൽ എണ്ണയാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 156.4 ദശലക്ഷം ബാരലുകളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്.
അതേസമയം, രാജ്യത്തെ ക്രൂഡ് ഓയിൽ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ 15.4 ശതമാനം വർദ്ധിച്ചു.