സാന്‍ സിറോ: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് രണ്ടാം തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്റർ മിലാൻ ബാഴ്സലോണയെ തോൽപ്പിച്ചത്. 45-ാം മിനിറ്റിൽ ഇന്റർ മിലാൻ വിജയഗോൾ നേടി. ഹകൻ ചാഹനഗ്ലുവാണ് നിർണായക ഗോൾ നേടിയത്. 67-ാം മിനിറ്റിൽ പെഡ്രിയുടെ ഗോളിലൂടെ ബാഴ്സലോണ സമനില പിടിച്ചെങ്കിലും റഫറി ഹാൻഡ്ബോൾ വിളിച്ചതിനെ തുടർന്ന് ഗോൾ നിഷേധിച്ചു. തുടർച്ചയായ രണ്ടാം തോൽവിയോടെ ബാഴ്സലോണ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി.
ആംസ്റ്റർഡാമിൽ നടന്ന മറ്റൊരു മത്സരത്തിൽ നാപ്പോളി 6-1ന് അയാക്സിനെ തോൽപ്പിച്ചു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് നാപ്പോളി നേടിയത്. ഒമ്പത് പോയിന്റുമായി നാപ്പോളിയാണ് ഗ്രൂപ്പിൽ ഒന്നാമത്.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് രണ്ടാം ജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ സ്കോട്ടിഷ് ചാമ്പ്യൻമാരായ റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഏഴാം മിനിറ്റിൽ ലിവർപൂൾ ലീഡ് നേടി. ട്രെന്റ് അലക്സാണ്ടർ അർനോൾഡാണ് സ്കോറർ. രണ്ടാം പകുതിയിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി.