ഇന്‍ഡോര്‍: ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ രോഹിത് മോശം റെക്കോർഡിലേക്ക് വഴുതി വീണു. ടി20യിൽ 10 തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമാണ് രോഹിത് ശർമ. കെഎൽ രാഹുലും വിരാട് കോഹ്ലിയും ഇക്കാര്യത്തിൽ രോഹിത് ശർമയെക്കാൾ ബഹുദൂരം പിന്നിലാണ്. രാഹുൽ അഞ്ച് തവണയും കോഹ്ലി നാല് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
ഇൻഡോറിൽ കഗിസോ റബാദയാണ് രോഹിത് ശർമയെ പുറത്താക്കിയത്. ഹിറ്റ്മാൻ രണ്ട് പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ടി20 ക്രിക്കറ്റിൽ ഇത് 43-ാം തവണയാണ് രോഹിത് ശർമ ഒറ്റ അക്ക സ്കോറിൽ പുറത്താകുന്നത്. രോഹിതിനെ പുറത്താക്കിയതോടെ റബാഡ തകർപ്പൻ റെക്കോർഡാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ രോഹിത് ശർമ്മയെ പുറത്താക്കിയ ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് പേസർ ടിം സൗത്തിക്കൊപ്പം റബാദയും ഇടംപിടിച്ചു. രോഹിതിനെ 11 തവണ വീതം ഇരുവരും പുറത്താക്കിയിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യ 49 റൺസിന് തോറ്റെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി, റിലി റൂസോ (48 പന്തിൽ 100), ക്വിന്റൺ ഡി കോക്ക് (43 പന്തിൽ 68), ഡേവിഡ് മില്ലർ (5 പന്തിൽ 19*) എന്നിവരാണ് സ്കോർ ചെയ്തത്. ദീപക് ചഹറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി.