ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ നേരിടും. രാത്രി 12.30ന് ഇന്ററിന്റെ ഗ്രൗണ്ടിലാണ് മത്സരം. റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടുകളിലേക്കാണ് ബാഴ്സ ഉറ്റുനോക്കുന്നത്.
അർജന്റീനിയൻ സ്ട്രൈക്കർ ലൗട്ടാറോ മാർട്ടിനസിന്റെ പരിക്ക് ഇന്ററിന് തിരിച്ചടിയായേക്കും. ബാഴ്സയെ പോലെ ഒരു കളി തോറ്റതിനാൽ ഇന്ററിനും ഈ മത്സരം നിർണായകമാണ്. രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള ബയേൺ വിക്ടോറിയ പ്ലാസനെ നേരിടും. ഇന്ററിനോടും ബാഴ്സയോടും തോറ്റ വിക്ടോറിയയ്ക്ക് ബയേണിനെ തടഞ്ഞ് നിർത്തുക എളുപ്പമാകില്ല.