കോഴിക്കോട്: സിനിമയുടെ പ്രമോഷൻ സമയത്ത് യുവനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത 20 ഓളം പേരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഇതിനകം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഷോയുടെ മുഴുവൻ ഫൂട്ടേജുകളും പരിശോധിച്ച ആദ്യ ഘട്ടത്തിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. തുടരന്വേഷണം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.നിലവിലെ അന്വേഷണ പുരോഗതിയുടെ വിലയിരുത്തലും ഉണ്ടാകും.
യുവനടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
ആക്രമിക്കപ്പെട്ട നടിമാരിൽ ഒരാൾ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാളിലെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ തനിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കു നേരെയും ലൈംഗിക അതിക്രമം നടന്നുവെന്നാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നത്. അപ്രതീക്ഷിത അക്രമത്തിൽ താൻ അമ്പരന്നുപോയെന്നും പ്രതികരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് പുറത്തുവരാൻ കഴിയുന്നില്ലെന്നും നടി പറയുന്നു