കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച കേസ് ഒത്തുതീർപ്പിലെത്തിയിട്ടും നടൻ ശ്രീനാഥ് ഭാസിയെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. അവതാരക നൽകിയ പരാതി പിൻവലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മയക്കുമരുന്ന് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ് ഇപ്പോൾ.
പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ പോലീസിന് തുടർനടപടികളുമായി മുന്നോട്ട് പോകാം. പരിശോധനാ ഫലങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വെളിപ്പെട്ടാൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്റർവ്യൂ സമയത്ത് ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയത്തിൽ പോലീസ് സ്വമേധയാ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. നടന്റെ നഖം, മുടി, രക്തസാമ്പിളുകൾ എന്നിവ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരാതിയുടെ സമയത്ത് ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം.
സിനിമാ മേഖലയിൽ നിന്ന് തന്നെ നേരത്തെയുള്ള പരാതികളിൽ മയക്കുമരുന്ന് പരിശോധന നടത്താത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ കണ്ടെത്താനാകുന്ന തരത്തിലുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്.