കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്റെ കൈയിലുണ്ടെന്നും പരാതിക്കാരി. നീതിയും സത്യവും തന്റെ പക്ഷത്താണെന്ന ധൈര്യത്തിൽ നിന്നാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നാളെ ഇതുപോലെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകാൻ പാടില്ല. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും, പ്രതികരിച്ചാൽ മാത്രമേ ഇതെല്ലാം മാറുകയുള്ളൂവെന്നും പരാതിക്കാരി പറഞ്ഞു.
അവതാരകയുടെ വാക്കുകൾ –
“ക്യാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ മോശം കാര്യങ്ങൾ പറയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം മറ്റ് പല ചാനലുകളിലും അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടിട്ടുണ്ട്. തന്നെക്കാള്‍ താഴ്ന്ന അവതാരകരോട് എങ്ങനെയാണെന്ന് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളു. സ്വരചേര്‍ച്ചകളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാല്‍ അവിടെ തന്നെ പ്രശ്നം തീര്‍ക്കാമായിരുന്നു.
അഭിമുഖത്തിന് എത്തിയ ഉടനെ ശ്രീനാഥ് ഭാസി ധ്യാൻ ശ്രീനിവാസനെ രക്ഷിക്കുന്ന ചാനലാണോ എന്ന് ചോദിച്ചു. ഞങ്ങൾ ധ്യാൻ ശ്രീനിവാസനെയല്ല, ധ്യാൻ ഞങ്ങളെ രക്ഷിക്കുകയാണ് എന്ന് അദ്ദേഹത്തിന് മറുപടിയും നൽകി. മച്ചാൻ പൊളിയാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ചിരിയോടെ ആരംഭിച്ച ഒരു അഭിമുഖമാണിത്. അഞ്ചര മിനിറ്റിനു ശേഷം പെട്ടെന്ന് ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചു. നിങ്ങള്‍ ഇവിടിരുന്ന് ആദ്യം ചോദ്യങ്ങള്‍ ഉണ്ടാക്ക് എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോവുകയാണെന്ന് പറഞ്ഞു. ബഹുമാനം കാണിക്കെന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും പറഞ്ഞു. ക്യാമറ ഓഫ് ചെയ്തെന്ന് ഉറപ്പാക്കിയശേഷമാണ് തെറി വിളിച്ചത്. എന്ത് പ്രകോപനം ഉണ്ടായിട്ടാണ് തെറി വിളിച്ചതെന്ന് അറിയില്ല. ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അതുമാറ്റാന്‍ തയ്യാറായിരുന്നു.”