ലണ്ടന്‍: റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന കണ്ടെത്തലുമായി അടുത്തിടെ ഗവേഷകർ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക ഇതിൽ ആശ്വാസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ്.
മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും തങ്ങൾ സേവകരാണെന്നും മനുഷ്യർക്ക് പകരക്കാരല്ലെന്നും അമേക പറയുന്നു. മനുഷ്യർ നിർമിച്ച വസ്തുക്കൾ മനുഷ്യരെ കീഴടക്കുമോ എന്ന ആശങ്ക കൂടുതലായുള്ളത് റോബോട്ടുകളുടെ കാര്യത്തിലാണ്. റോബോട്ടുകൾ മനുഷ്യരെ അടിമകളാക്കുന്ന സിനിമകളും പുസ്തകങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്.
ബ്രിട്ടനിലെ എഞ്ചിനീയർഡ് ആർട്‌സാണ് ഹ്യൂമനോയിഡ് അമേകയ്ക്ക് പിന്നിൽ. ഹ്യൂമനോയിഡുകൾ പല കാര്യങ്ങളിലും മനുഷ്യരുമായി സാമ്യമുള്ളവയാണ്. കൈകളുടെയും കാലുകളുടെയും ചലനം മുതൽ മുഖഭാവങ്ങളിൽ വരെ അവർക്ക് മനുഷ്യരെ അനുകരിക്കാൻ കഴിയും. മനുഷ്യരുമായി നല്ല സാദൃശ്യമുള്ള റോബോട്ടാണ് അമേക.