ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2017 ൽ ലോഞ്ച് ചെയ്ത നെക്സോണിന്റെ വിൽപ്പന ഒരു ലക്ഷം കടക്കാൻ 1 വർഷവും 10 മാസവും എടുത്തു. നിർമ്മാണം രണ്ട് ലക്ഷം യൂണിറ്റുകൾ കടക്കാൻ 1 വർഷവും 11 മാസവും എടുത്തപ്പോൾ, 3 ലക്ഷം യൂണിറ്റുകൾ കടക്കാൻ 8 മാസവും, 4 ലക്ഷം യൂണിറ്റുകൾ കടക്കാൻ 7 മാസവും എടുത്തു. 4 ലക്ഷം ആഘോഷങ്ങളുടെ ഭാഗമായി നെക്സോൺ എക്സ്സി പ്ലസ് (എൽ) പതിപ്പും ടാറ്റ പുറത്തിറക്കി. ഏകദേശം 11.37 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില.
ഇതോടെ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്യുവികളിൽ ഒന്നായി നെക്സോൺ മാറി. ആഗോള എൻസിഎപി ടെസ്റ്റിംഗിൽ മുതിർന്നവർക്ക് പഞ്ചനക്ഷത്ര സുരക്ഷ കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ കാർ കൂടിയാണ് ടാറ്റ നെക്സോൺ.
1.2 ലിറ്റർ പെട്രോൾ , 1.5 ലിറ്റർ ഡീസൽ എൻജിനുകളുമായാണ് ടാറ്റ നെക്സോൺ വിൽപ്പനക്ക് എത്തുന്നത്. 7.59 ലക്ഷം മുതൽ 14.07 ലക്ഷം രൂപ വരെയാണ് നെക്സോണിന്‍റെ വില. കോംപാക്റ്റ് എസ്യുവി വിപണിയിൽ, മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്സ്യുവി 300 എന്നിവയുമായാണ് നെക്സോൺ മത്സരിക്കുന്നത്.