മൊഹാലി: ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊഹാലിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരം നിരാശാജനകമായിരുന്നു. 200ലധികം റൺസ് നേടിയിട്ടും നാല് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നാല് പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ കാമറൂണ്‍ ഗ്രീൻ (30 പന്തിൽ 61), മാത്യു വെയ്ഡ് (21 പന്തിൽ 45) എന്നിവരാണ് ഓസീസിന്റെ വിജയശിൽപികൾ.
മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ചതാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും 24 പന്തിൽ 35 റൺസ് നേടി. 12-ാം ഓവറിൽ സ്മിത്തിനെ പുറത്താക്കിയതിനെ തുടർന്നാണ് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്താണു സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്. എന്നാൽ ക്യാച്ച് നേടിയിട്ടും അപ്പീൽ നൽകാത്തതിനാണ് രോഹിത് തമാശ രൂപേണ കാർത്തിക്കിന്റെ കഴുത്തിൽ പിടിച്ചത്. 12-ാം ഓവറിലെ മൂന്നാം പന്തിൽ സ്മിത്തിനെ പുറത്താക്കിയ ശേഷം ഗ്ലെൻ മാക്സ്വെല്ലിനെയും ഉമേഷ് യാദവ് പുറത്താക്കി.