ഡൽഹി: മാട്രിമോണിയൽ സൈറ്റുകൾ വിവാഹ രംഗത്ത് കൊണ്ടുവന്ന മാറ്റം ചെറുതല്ല. ഇന്ന് നിരവധി മാട്രിമോണിയൽ സൈറ്റുകൾ നിലവിലുണ്ട്. പത്രങ്ങളിലും ധാരാളം പരസ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ചില പത്ര പരസ്യങ്ങൾ വിചിത്രമാകാറുമുണ്ട്. അത്തരമൊരു പരസ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പരസ്യം അനുസരിച്ച്, വരൻ ഐഎഎസ്/ഐപിഎസ് ആയിരിക്കണം അല്ലെങ്കിൽ ജോലി ചെയ്യുന്ന ഡോക്ടർ (പിജി) അതുമല്ലെങ്കിൽ വ്യവസായി/ബിസിനസ്മാൻ. ഇത് കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിർദ്ദേശമുണ്ട്, “സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്” എന്നാണ് നിർദേശം. ഈ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. “വിഷമിക്കേണ്ട. എഞ്ചിനീയർമാർ ചില പത്രപരസ്യങ്ങളെ ആശ്രയിക്കുന്നില്ല. അവർ എല്ലാം സ്വന്തമായി കണ്ടെത്തുന്നു.” ഒരു വ്യക്തി പ്രതികരിച്ചു. മറ്റൊരാൾ എഴുതി “ഇക്കാലത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എല്ലാം ഓൺലൈനിൽ തിരയുന്നു (വധു ഉൾപ്പെടെ). അതിനാൽ ഈ പരസ്യ പോസ്റ്റർ കണ്ട് അവർ വിഷമിക്കേണ്ടതില്ല. എന്തായാലും അവർ പത്രപരസ്യം നോക്കില്ല” എന്നും ചിലർ പ്രതികരിച്ചു.