Spread the love

95-ാമത് അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ‘ഛെല്ലോ ഷോ’ എന്ന ചിത്രം നേട്ടം സ്വന്തമാക്കി. വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.  കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി മാറാനുള്ള സാധ്യതയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വെറൈറ്റി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ ഓസ്കാർ പ്രവചന പട്ടികയിൽ ആർആർആറിനെയും ഉൾപ്പെടുത്തിയിരുന്നു.

പാൻ നളിൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍റെ ആത്മകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സമയ് എന്ന ഒൻപതു വയസുകാരൻ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധമാണ് പറയുന്നത്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപൻ റാവൽ, പരേഷ് മേത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം സ്പെയിനിലെ വല്ലഡോലിഡ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്പൈക്ക് അവാർഡ് നേടി.

By newsten