യാംബു: സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്തവരുടെയും അത് സ്വീകരിച്ചവരുടെയും വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
‘ഒരു ജന്മനാട്, ഒരു ശരീരം’ എന്ന പേരിൽ പുറത്തിറക്കിയ വീഡിയോയിൽ, അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്ത ചിലരുടെ പേരുകൾ മന്ത്രാലയം പരാമർശിച്ചിട്ടുണ്ട്. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘സൗദി സെന്‍റർ ഫോർ ഓർഗൻ ഡൊണേഷൻ’ എന്ന സ്ഥാപനത്തിലാണ് അവയവദാന രജിസ്ട്രേഷൻ നടത്തുന്നത്. രജിസ്ട്രേഷൻ വലിയ തോതിൽ പുരോഗമിക്കുകയാണ്. അവയവദാനത്തിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനും നടത്തിയിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഹുഫൂഫ് പട്ടണത്തിൽനിന്നുള്ള താമർ ബിൻ ഫൈസൽ എന്ന സ്വദേശി തന്റെ ഹൃദയം മാറ്റിവെച്ചത് യാംബുവിൽനിന്നുള്ള വ്യക്തിയുടേതാണെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.
കോർണിയൽ ട്രാൻസ്പ്ലാന്‍റിന് വിധേയയായ മുനീറ സുൽത്താൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് ‘എന്‍റെ കണ്ണുകൾ ഒരു ആൺകുട്ടിയുടേതാണ്’ എന്ന് പറഞ്ഞു. അൽ ഖുറൈയ്യത്തിലെ റസാൻ ബിൻത് സാലിമിന്‍റെ കരൾ എന്നിവയെല്ലാം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കണ്ണിന്‍റെ കോർണിയ ദാനം ചെയ്ത അഹ്മദ് ബിൻ ഹസൻ, കരൾ ദാനം ചെയ്ത നൂറ ബിൻത് സൗദ്, ഹൃദയം ദാനം ചെയ്ത അബ്ദുല്ല ബിൻ അഹ്മദ്, മസ്തിഷ്ക മരണം സംഭവിച്ച സുൽത്താൻ ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ നിരവധി ദാതാക്കളുടെ പേരുകൾ മന്ത്രാലയം വിഡിയോ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.