Spread the love

ഏറെക്കാലത്തിന് ശേഷം ബോളിവുഡിന് ഒരു ഉണർവ് ഉണ്ടായിരിക്കുകയാണ്. രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്രയുടെ വിജയം ബോളിവുഡിന് പുതുജീവൻ നൽകി എന്ന് പറയാം. സമീപകാലത്ത് വലിയ ബജറ്റിൽ പുറത്തിറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. അതേതുടർന്ന് ബോളിവുഡ് കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. 10 ദിവസം കൊണ്ട് വൻ കളക്ഷൻ നേടിയാണ് ‘ബ്രഹ്മാസ്ത്ര’ ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.

ഇതുവരെ 207.90 കോടി രൂപയാണ് ‘ബ്രഹ്മാസ്ത്ര’ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. 10 ദിവസം കൊണ്ട് 360 കോടി രൂപയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷൻ. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്‍മാസ്‍ത്ര’യുടെ ആദ്യ ഭാഗമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പങ്കജ് കുമാറാണ്. ‘ബ്രഹ്മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ചിരഞ്ജീവി ശബ്ദം നൽകിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ റിലീസ് ചെയ്തത്.  രൺബീർ കപൂറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാസ്ത്ര ആദ്യ ദിനം ലോകമെമ്പാടും 75 കോടി രൂപ കളക്ട് ചെയ്തിരുന്നു.

By newsten