Spread the love

തമിഴിലെ ഇതിഹാസ ചിത്രമായ ‘പൊന്നിയിൻ സെല്‍വനാ’യി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എഴുത്തുകാരനായ കൽക്കിയുടെ ലോകപ്രശസ്ത ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം.

ആദ്യ ഭാഗം സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തും. ഒൻപത് മാസത്തിന് ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് മണിരത്നം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മണിരത്നം ഇക്കാര്യം അറിയിച്ചത്. ആദ്യ ഭാഗത്തിനൊപ്പം ചിത്രീകരിച്ച രണ്ടാം ഭാഗത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ഇപ്പോഴും ബാക്കിയുണ്ട്.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.  ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ശേഷം ആമസോണിൽ സ്ട്രീമിംഗ് ആരംഭിക്കും. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

By newsten