വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ സമ്പാദിച്ച് സൂപ്പർതാര പദവിയിലേക്കുയർന്ന നടനാണ് ഹൃത്വിക് റോഷൻ. തന്റെ കരിയറിന്റെ 22-ാം വർഷത്തിലെത്തി നിൽക്കുകയാണ് താരം. പുതിയ ചിത്രമായ വിക്രം വേദ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കവേ തന്റെ ആദ്യചിത്രത്തിനുമുമ്പ് ഡോക്ടർമാർ പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക്.ആരോഗ്യം നല്ലതല്ലാത്തതിനാൽ സിനിമയിൽ ആക്ഷനും ഡാൻസും ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഹൃത്വിക് റോഷൻ മനസുതുറന്നു. വിക്രം വേദയിലെ ആദ്യഗാനമായ ‘ആൽക്കഹോളിയ’യുടെ ലോഞ്ചിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ഡോക്ടർമാരുടെ വാക്കുകളെ വെല്ലുവിളിയായെടുത്ത് അത്തരം സിനിമകൾക്കായി ആരോഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധകൊടുക്കാൻ തുടങ്ങി. ഇന്ന് 25-ാം സിനിമയിലെത്തി നിൽക്കുമ്പോൾ എല്ലാം സ്വപ്നമായാണ് തോന്നുന്നത്. ഇന്നത്തെ തന്നെ കണ്ടാൽ 21 വയസുള്ള ആ പഴയ താൻ അഭിമാനിക്കുമെന്നും ഹൃത്വിക് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആൽക്കഹോളിയ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇപ്പോൾ. ഹൃത്വിക് റോഷന്റെ ചടുലമായ നൃത്തച്ചുവടുകളും മുഖഭാവങ്ങളും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. തമിഴിലെ എക്കാലത്തേയും മികച്ച ഗാങ്സ്റ്റർ ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ ഇതേ പേരിലുള്ള റീമേക്കാണ് ഹൃത്വിക് ചിത്രം. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച വിക്രമായാണ് ഹൃത്വിക് റോഷനെത്തുന്നത്. മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായെത്തുന്നത് സെയ്ഫ് അലി ഖാനാണ്. പുഷ്കർ-ഗായത്രി ടീമാണ് ഹിന്ദി ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടീസറും ട്രെയിലറും നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ സാം.സി.എസ്സാണ് പശ്ചാത്തലസംഗീതം.