ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്റിസ്. ഒരു ടോക്ക് ഷോയിൽ സംസാരിക്കവേയാണ് ലോറന്റ്സ് ഈ നിബന്ധന പരസ്യമാക്കിയത്.
യൂറോപ്യൻ ക്ലബ് ഫുട്ബോൾ നടക്കുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് നടക്കുന്നത്. ഈ സമയത്ത്, ക്ലബുകൾക്ക് പലപ്പോഴും ആഫ്രിക്കൻ കളിക്കാരുടെ സേവനം നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും ക്ലബ്ബുകളും ദേശീയ ടീമുകളും തമ്മിലുള്ള തർക്കങ്ങളിലേക്ക് നയിക്കുന്നു. ഇതിനിടയിലാണ് പുതിയ നിബന്ധനയുമായി ലോറന്റീസ് രംഗത്തെത്തിയത്.
കഴിഞ്ഞ സീസണിൽ സെനഗലിന്റെ കാലിദോ കൗലിബാലി, കാമറൂണിന്റെ ആന്ദ്രേ അംഗ്വിസ തുടങ്ങിയ നാപ്പോളി താരങ്ങൾ നേഷൻസ് കപ്പ് കളിക്കാൻ പോയിരുന്നു. ഇതോടെ നാപ്പോളിയുടെ പല മത്സരങ്ങളും ഇവർക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് നേഷൻസ് കപ്പിൽ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ആഫ്രിക്കൻ താരങ്ങളെ തന്റെ ടീമിലേക്ക് സൈൻ ചെയ്യുവെന്ന് ലോറന്റിസ് അറിയിച്ചത്.