ഏഷ്യാ കപ്പിൽ കളിക്കാൻ തയ്യാറാണെന്നറിയിച്ച് വിരാട് കോഹ്ലി. തന്നെ ടീമിൽ പരിഗണിക്കണമെന്ന് സെലക്ടർമാരോട് താരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരയിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് താരം ആവശ്യപ്പെട്ടതാണോ എന്ന് വ്യക്തമല്ല. അതേസമയം, സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ അദ്ദേഹം കളിച്ചേക്കുമെന്ന് സൂചനയുണ്ട്.
സിംബാബ്‌വെയ്ക്കെതിരായ ഏകദിന ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹം ടീമിൽ തന്‍റെ സ്ഥാനം നിലനിർത്തി. ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, ദീപക് ഹൂഡ എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ക്യാപ്റ്റൻ . ഇഷാൻ കിഷനും ടീമിലുണ്ട്. പേസർ ദീപക് ചഹറും സ്പിന്നർ വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. രാഹുൽ ത്രിപാഠിയും ടീമിലുണ്ട്. ഇതാദ്യമായാണ് ത്രിപാഠിയെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നത്.
ദീപക് ചാഹറിനൊപ്പം പ്രസിദ് കൃഷ്ണ, ശർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുസ്‌വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.