Spread the love

ജർമ്മനിയിൽ നടന്ന സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിച്ച് ഉയർത്തി. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റെഡ്ബുൾ ലെയ്പ്സി​ഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം ഉയർത്തിയത്. 3നെതിരെ 5 ഗോളുകൾക്കാണ് ബയേൺ ജയം സ്വന്തമാക്കിയത്.

ലെയ്പ്സിഗിന്‍റെ ഹോം ഗ്രൗണ്ടിൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബയേൺ മൂന്ന് ഗോളിന്‍റെ ലീഡ് നേടി. ജമാൽ മുസീല, പുതിയ സൈനിംഗ് സാദിയോ മാനെ, ബെഞ്ചമിൻ പവാർഡ് എന്നിവരാണ് ബയേണിനായി സ്കോർ ചെയ്തത്. രണ്ടാം പകുതി ആരംഭിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം ലെയ്പ്സിഗ് ഒരു ഗോൾ മടക്കി. മാർസെൽ ഹാൽസ്റ്റെൻബർഗ് ഒരു ഗോൾ നേടി. എന്നാൽ പത്ത് മിനിറ്റിനുശേഷം സെർജി ഗ്നാബ്രി ബയേണിന്‍റെ നാലാം ഗോളും നേടി.

77-ാം മിനിറ്റിൽ ക്രിസ്റ്റോഫ് എൻകുങ്കു പെനാൽറ്റി നേടിയപ്പോൾ ലീപ്സിഗിന് പ്രതീക്ഷയുണ്ടായിരുന്നു. 89-ാം മിനിറ്റിൽ ഡാനി ഓൾമോ മറ്റൊരു ഗോൾ നേടിയപ്പോൾ ലെയ്പ്സിഗ് ആവേശഭരിതരായി. ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാനായിരുന്നു ലീപ്സിഗിന്‍റെ പദ്ധതി. എന്നാൽ ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ലെറോയ് സാനെയുടെ ഗോളിലൂടെ ബയേൺ ലെയ്പ്സിഗിന്‍റെ അവസാന പ്രതീക്ഷകളെയും തകർത്തു.

By newsten