വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഗ്രാൻഡ് വിറ്റാര വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ഈ മാസം 20 ന് ആദ്യ പ്രദർശനം നടത്തിയ വാഹനത്തിന് ഇതുവരെ 13,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇതിൽ 54 ശതമാനവും കൂടുതൽ ഇന്ധനക്ഷമതയുള്ള ശക്തമായ ഹൈബ്രിഡ് പതിപ്പിനാണ്. സീറ്റ പ്ലസ്, ആൽഫ പ്ലസ് വേരിയന്‍റുകൾ പോലുള്ള ശക്തമായ ഹൈബ്രിഡ് പതിപ്പുകൾക്ക് 7,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. മാരുതി എസ് യുവിയുടെ ബുക്കിംഗ് 11,000 രൂപ സ്വീകരിച്ചാണ് ആരംഭിച്ചത്. നെക്സ ഡീസൽഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ എസ്യുവി ബുക്ക് ചെയ്യാം.
പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനത്തിന്‍റെ വില ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എൻജിനും ഇതിന് കരുത്തേകും.