നെക്സ്റ്റ് ജെൻ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സന്നാഹ മത്സരം കളിക്കും. സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്റ്റെല്ലൻബോഷ് എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം. മത്സരം സംപ്രേഷണം ചെയ്യില്ലെന്ന് ക്ലബ് അറിയിച്ചു.
നാളെ മുതൽ ഇംഗ്ലണ്ടിലാണ് നെക്സ്റ്റ് ജെൻ കപ്പ് നടക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പേഴ്സിന്റെ റിസർവ് ടീമിനെ ബ്ലാസ്റ്റേഴ്സ് നേരിടും. ടോട്ടൻഹാമിന് പുറമെ വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകളും ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ടീമിലുണ്ട്.
ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന ഡെവലപ്മെന്റ് ലീഗിൽ റണ്ണേഴ്സ് അപ്പായാണ് ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിയത്. ജേതാക്കളായ ബെംഗളൂരു എഫ് സിയും നെക്സ്റ്റ് ജെൻ കപ്പ് കളിക്കുന്നുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിൽ കളിച്ച കളിക്കാർ അടങ്ങുന്ന ടീമിനെയാണ് ടൂർണമെന്റിനായി ബ്ലാസ്റ്റേഴ്സ് അയയ്ക്കുന്നത്. ജീക്സൺ സിംഗ്, റുയിവ ഹോർമിപാം, ഗിവ്സൺ സിംഗ്, ആയുഷ് അധികാരം, വി ബിജോയ് തുടങ്ങിയ കളിക്കാരും ടീമിലുണ്ട്.