ന്യുഡൽഹി: ടെക് ഭീമൻമാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് ആശ്വാസം തേടി ഗെയിമിംഗ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മേക്ക് മൈ ട്രിപ്പ്, സൊമാറ്റോ, ഒയോ തുടങ്ങിയ ടെക് അധിഷ്ഠിത കമ്പനികളുടെ പിന്തുണയോടെയാണ് പാർലമെന്ററി പാനലിനെ സമീപിച്ചിരിക്കുന്നത്.
ഗൂഗിളിനെതിരെയാണ് പ്രധാന പരാതി. ഇന്ത്യയിലെ സ്കിൽ – ഗെയിമിങ് പ്ലാറ്റ്ഫോമുകളോട് ഗൂഗിൾ വിവേചനം കാണിക്കുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യൻ കമ്പനികളെ മാറ്റിനിർത്തുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയാണ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. ആഗോള ടെക് ഭീമൻമാരുടെ വിപണിയിലെ ഏകാധിപത്യ പ്രവണതകൾ പാനൽ നിരീക്ഷിക്കുന്നുണ്ട്.