ഇറാൻ : തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഗൾഫ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
ബന്ദർ അബ്ബാസ് നഗരത്തിൽ നിന്ന് 103 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മെയ് 31 മുതൽ ഇതേ പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഹോർമോസ്ഗാൻ പ്രവിശ്യയിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒരാൾ മരിച്ചിരുന്നു.
2003 ൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ബാം നഗരം തകർന്നിരുന്നു. 26,000 ത്തിലധികം പേർ മരിച്ചു. 2017 ൽ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇറാനും ഇറാഖും തമ്മിലുള്ള അതിർത്തി പ്രദേശത്ത് 600 ലധികം ആളുകൾ കൊല്ലപ്പെടുകയും 9,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.