മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മസ്കറ്റ്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്.
ന്യൂനമർദ്ദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. കാലവർഷം ശക്തമായ ദോഫാറിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കുകയും ചെക്ക്പോയിന്‍റുകൾ സ്ഥാപിക്കുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി എയർ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാത്രിയാത്രയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടകങ്ങളും മറ്റും റോഡിന് കുറുകെ വരാൻ സാധ്യതയുണ്ട്. പലയിടത്തും റോഡിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. കനത്ത മഴയും കാറ്റും കാരണം വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും മതിയായ ദൂരം ഉറപ്പാക്കുകയും വേണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ അപകടങ്ങൾ കണക്കിലെടുത്ത് വാദികൾ, ബീച്ചുകൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടു നിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.