Spread the love

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥയിൽ അബുദാബിയിലെ റോഡുകളിൽ പാലിക്കേണ്ട പരമാവധി വേഗപരിധി ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അൽ ഐനിലെ മഴയെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകുമെന്നാണ് പ്രവചനം. വേനൽക്കാലമാണെങ്കിലും, നിലവിലുള്ള ന്യൂനമർദ്ദവും രാജ്യത്ത് പിന്തുടരുന്ന ക്ലൗഡ് സീഡിംഗ് നടപടികളുമാണ് മഴയ്ക്ക് കാരണം. 

By newsten