നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി ഓടുമ്പോൾ, ചിത്രത്തിന്‍റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ കേക്ക് മുറിച്ചാണ് നടൻ മാധവനും അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ കുടുംബവും വിജയം ആഘോഷിച്ചത്.
ഇതാദ്യമായാണ് മാധവൻ നമ്പി നാരായണന്‍റെ വീട് സന്ദർശിക്കുന്നത്. മാധവനെ മകൻ ശങ്കർ, മകൾ ഗീത, മരുമകനും മംഗൾയാൻ മിഷൻ ഡയറക്ടറുമായ ഡോ.അരുണൻ, കൊച്ചുമകൾ ശ്രുതി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഏറ്റവും വലിയ സന്തോഷം എന്ന ചോദ്യത്തിൻ മാധവൻ നൽകിയ മറുപടി നമ്പി നാരായണന്‍റെ ഭാര്യ മീനയെ കണ്ടെന്നായിരുന്നു. അവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചവർ . സംഭവം നടന്ന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവരോട് എന്ത് പറയണമെന്ന് എനിക്കറിയില്ല. അവർ അതിജീവിച്ചു. തന്റെ ഭർത്താവിനൊപ്പം, അദ്ദേഹത്തിന്‍റെ പോരാട്ടത്തിനൊപ്പം നിന്നു. അതൊരു ചെറിയ കാര്യമല്ല. ആ പിന്തുണ തനിക്ക് നൽകിയ ഊർജ്ജം ചെറുതല്ലെന്ന് മാധവൻ പറഞ്ഞു.
ചിത്രത്തിൽ, സിമ്രാൻ മീനമ്മയെ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു. നമ്പി നാരായണന്‍റെ വീട് ഷൂട്ട് ചെയ്തത് മുംബൈയിലാണെങ്കിലും തിരുവനന്തപുരത്തിനെ അടയാളപ്പെടുത്താനും കാലത്തോട് നീതി പുലർത്താനും പരമാവധി ശ്രമിച്ചുവെന്നും മാധവൻ പറഞ്ഞു.